Reading Problems? see Enabling Malayalam

Language-technology

Malayalam Computing സംരംഭത്തില്‍ നിന്ന്

                       സ്വദേശാഭിമാനിയും ഭാഷാ പരിഷ്കരണവും

അഴിമതിക്കും സ്വജന പക്ഷപാതത്തിനുമെതിരെ സന്ധിയില്ലാതെ പോരാടിയ വേളയിലും മലയാള ഭാഷ, സാഹിത്യം എന്നീ വിഷയങ്ങളില് നൂതനവും യുക്തി ഭദ്രവുമായ കാഴ്ചപ്പാടുകള് മുന്നോട്ടു വെച്ചയാളാണ് സ്വദേശാഭിമാനി.

പ്രാതഃസ്മരണീയനായ സ്വദേശാഭിമാനി പത്രാധിപര് കെ. രാമകൃഷ്ണ പിള്ളയെ (1878-1916) രാജ ദ്രോഹകുറ്റം ചുമത്തി അന്നത്തെ തിരുവിതാം കൂര് നാട്ടു രാജ്യത്തില് നിന്ന് നാടുകടത്തിയത് 1910 സെപ്തംബര് 26-ാം തീയതിയാണ്. നീതിരഹിതവും നിര്ദ്ദയവുമായ നടപടിയുടെ 100 ാം വാര്ഷികം ആചരിക്കുന്നതു വഴി ആ മഹാന്റെ ആദര്ശങ്ങളും ആശയങ്ങളും അനുസ്മരിക്കാനും പ്രചരിപ്പിക്കാനുമുള്ള സംരംഭത്തിലാണ് ഇപ്പോള് മലയാളികള് ഏര്പ്പെട്ടിട്ടുള്ളത്. സര്വ്വഥാ ഉചിതമായ യത്നം തന്നെ. എന്നാല് അഴിമതിക്കും സ്വേച്ഛാധിപത്യത്തിനും രാജസേവക പ്രഭാവത്തിനും എതിരെ പോരാടിയ രാമകൃഷ്ണ പിള്ളയുടെ രാഷ്ട്രീയേതരമായ പ്രവര്ത്തനങ്ങള് ഈ ആഘോഷങ്ങള്ക്കിടയില് പലപ്പോഴും വിസ്മരിക്കപ്പെടുന്നു. അവയില് പ്രാധാന്യമര്ഹിക്കുന്നത് സാഹിത്യ നിരൂപണം, മലയാള ഗദ്യഗതിയുടെ ദിശ, നാടക സിദ്ധാന്തവും പ്രയോഗവും സംബന്ധിച്ച കാഴ്ചപ്പാട്, വിവര്ത്തന വിദ്യ, സാങ്കേതിക ശബ്ദാവലി തുടങ്ങിയ മേഖലകളില് രാമകൃഷ്ണ പിള്ള നല്കിയ മൗലികവും അമൂല്യവുമായ സംഭാവനകളാണ്. ഇവയെല്ലാമായി ബന്ധപ്പെട്ടതെങ്കിലും തികച്ചും വേറിട്ട ഒരു ഡിസിപ്ലിന് അഥവാ വ്യവഛേദിതമായ പഠന മേഖലയാണ് അക്ഷരമാല, ശബ്ദശുദ്ധി, നിരുക്തം, വിവര്ത്തനം, സാങ്കേതിക ശബ്ദാവലി തുടങ്ങിയവ ഉള്പ്പെടുന്ന ഭാഷാ ശാസ്ത്രം. രാമകൃഷ്ണപിള്ള മലയാളവും ഇംഗ്ലീഷും തമിഴും സമര്ത്ഥമായി കൈകാര്യം ചെയ്തിരുന്നു. സംസ്കൃതം തുടങ്ങിയ മറ്റു ചില ഭാഷകളും അത്ര വൈദഗ്ധ്യത്തോടെ അല്ലെങ്കിലും കാര്യങ്ങള് മനസ്സിലാക്കാന് അദ്ദേഹത്തിന് കഴിയുമായിരുന്നു. എങ്കിലും ഇംഗ്ലീഷിലും മലയാളത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന അവഗാഹം അനുവാചകരെ അദ്ഭുതപ്പെടുത്തും. വിവര്ത്തനത്തെ സംബന്ധിച്ച നിരൂപണങ്ങളിലും വാദപ്രതിവാദങ്ങളിലും ഇംഗ്ലീഷ് പദങ്ങളുടേയും പ്രയോഗങ്ങളുടേയും നേരിയ സവിശേഷതകളും ധ്വനികളും അദ്ദേഹത്തിന് വശമായിരുന്നെന്ന് കാണാന് കഴിയും. ബി.എ പരീക്ഷക്ക് മലയാളത്തില് പ്രാഗത്ഭ്യം തെളിയിച്ച് കേരള വര്മ്മ സുവര്ണ്ണമുദ്ര അദ്ദേഹം നേടിയിരുന്നു. അദ്ദേഹത്തിന്റെ സതീര്ത്ഥ്യനും ഭാഷാപണ്ഡിതനുമായിരുന്ന പി.കെ നാരായണ പിള്ളക്ക് (സാഹിത്യ പഞ്ചാനനന്) ആ സുവര്ണ്ണ മുദ്ര ലഭിക്കുമെന്നായിരുന്നു അദ്ദേഹമുള്പ്പെടെ പലരും കരുതിയിരുന്നത്. ഈ പ്രതീക്ഷകള്ക്ക് വിപരീതമായി രാമകൃഷ്ണപിള്ളക്ക് അത് ലഭിച്ചത് ഇരുവരുടേയും ജീവിതാന്ത്യം വരെ നീണ്ടുനിന്ന വിരോധത്തിന് കാരണമായതായി പറയപ്പെടുന്നു. പി.കെ. തന്റെ ആത്മകഥയായ ‘സ്മരണ മണ്ഡലത്തില് ‘ രാമകൃഷ്ണപിള്ളയെ അവാസ്തവങ്ങള് നിറഞ്ഞ ഭര്ത്സനത്തിന് വിധേയനാക്കി എന്നത് ഇതിന്റ തെളിവാണ്. പി.കെയും കേസരി ബാലകൃഷ്ണപിള്ളയും രാമകൃഷ്ണ പിള്ളയും അന്ന് കോളേജില് നാട്ടുഭാഷ വകുപ്പിന്റെ സൂപ്രണ്ടായിരുന്ന പ്രൊഫസര് എ.ആര് രാജരാജ വര്മ്മയുടെ വത്സല ശിഷ്യന്മാരായിരുന്നു ഇവരില് കേസരിയും സ്വദേശാഭിമാനിയും രാഷ്ട്രീയ രംഗത്തെന്ന പോലെ സാഹിത്യരംഗത്തും വിപ്സവകാരികളായിരുന്നപ്പോള് ഈ രണ്ടു രംഗങ്ങളിലും തിളങ്ങിയ, ഹൈക്കോടതി ജസ്റ്റിസിനു വരെ ഉയര്ന്ന, പി.കെ ഒരു യാഥാസ്തികനായിരുന്നു. മഹാകവി കുമാരനാശാനെ പോലും മാനിക്കാനുള്ള വിവേകം പി.കെ ക്ക് ഉണ്ടായിരുന്നില്ല. രാജരാജവര്മ്മ പി.കെയുടെ പാണ്ഡിത്യത്തെ ബഹുമാനിച്ചിരുന്നതിന് തെളിവാണ് തന്റെ കേരളപാണിനീയത്തിന് അദ്ദേഹത്തെകൊണ്ട് അവതാരിക എഴുതിച്ചത്. എന്നാല് ആ അവതാരികയില് തന്നെ ഇരുവരും തമ്മിലുള്ള ദാര്ശനിക ഭിന്നതകളുടെ നിഴലാട്ടം കാണാം. രാമകൃഷ്ണ പിള്ളക്ക് ചില കാര്യങ്ങളില് ഗുരുനാഥനോട് ഭിന്നപ്പുകള് ഉണ്ടായിരുന്നുവെങ്കിലും അടിസ്ഥാനപരമായി അദ്ദേഹം രാജരാജവര്മ്മയുടെ പുരോഗമ നിലപാടുകളില് ആണ് ഉറച്ചു നിന്നിരുന്നത്. അതു കൊണ്ട് ഭാഷാ പരിഷ്കരണ പ്രശ്നങ്ങള്, സാങ്കേതിക പദാവലി നിര്മ്മാണം മുതലായ കാര്യങ്ങളില് രാമകൃഷ്ണപിള്ളയുമായിട്ടാണ് രാജരാജവര്മ്മ കൂടുതല് ഇടപ്പെട്ടതും ചര്ച്ചകള് നടത്തിവന്നതും. ഇവയെ കുറിച്ചെല്ലാം ഇരുവര്ക്കും പല പദ്ധതികളും ഉണ്ടായിരുന്നു. സാങ്കേതിക പദാവലിയുടെ നിഘണ്ടു നിര്മ്മാണം, ആധുനിക ശാസ്ത്രവിഷയങ്ങളെ കുറിച്ചുള്ള ഗ്രന്ഥരചന മുതലായവ. എന്നാല് രാമകൃഷ്ണ പിള്ളയുടെ നാട് കടത്തലും മറ്റും ഈ പദ്ധതിയുടെ നിര്വ്വഹണത്തിന് പ്രതിബന്ധമായി. എങ്കിലും ഈ ഗുരു ശിഷ്യ ബന്ധം ഭാഷാ ശാസ്ത്രത്തിന്റേയും ഭാഷാ പരിഷ്കരണത്തിന്റേയും പ്രശ്നഭങ്ങളിലേക്ക് ആഴത്തില് പ്രവേശിക്കാന് രാമകൃഷ്ണപിള്ളക്ക് പ്രചോദനമായി തീര്ന്നു. ചില കാര്യങ്ങളില് നിന്ന് ഗുരുവിന്റെ വീക്ഷണത്തില് നിന്നും മുന്നോട്ടു പോകാനും അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് തുടര്ന്നുള്ള ചര്ച്ചകളില് വിശദമാക്കാം സ്വതന്ത്ര ബുദ്ധിയായിരുന്ന രാമകൃഷ്ണ പിള്ള മിക്ക പ്രശ്നങ്ങളിലും പുരോഗമന വാദിയായിരുന്നെങ്കിലും ചിലപ്പോള് പിന്നോട്ടു പോകുന്നതായും നമുക്ക് കാണാന് കഴിയും. അക്കാര്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ആധുനിക ഭാഷാ പരിഷ്കാരങ്ങളുടെ ചരിത്രത്തിലേക്ക് ഒന്നു കണ്ണോടിക്കാം. ഗുണ്ടര്ട്ട് മുതല് ഇ.എം.എസ്. വരെ 1847 ല് ക്രിസ്തുമത പ്രചാരണത്തെ മുന് നിര്ത്തിയാണെങ്കിലും ബാസല് മിഷന് പ്രതിനിധി ഹെര്മന് ഗുണ്ടര്ട്ട് രാജ്യ സമാചാരമെന്നും , സി.എം.എസ് മിഷനറി പ്രതിനിധി ബഞ്ചമിന് ബെയ് ലി ജ്ഞാന നിക്ഷേപം എന്നു പേരുള്ള രണ്ടു കാലികങ്ങള് പ്രസിദ്ദീകരിച്ചു തുടങ്ങിയപ്പോഴാണ് മലയാള ഭാഷാ പരിഷ്കാരത്തിന്റെ ആരംഭം കുറിക്കുന്നത്. ആദ്യത്തെ ചില ലക്കങ്ങള് കല്ലച്ചിലായിരുന്നു. എങ്കിലും താമസിയാതെ അച്ചു കൂടത്തിലേക്ക് നീങ്ങിയപ്പോള് പ്രശ്നങ്ങള് തലപൊക്കി. ആദ്യം ഓലയും നാരായവും ഉപയോഗിച്ചും പിന്നീട് കടലാസും തൂവലും ഉപയോഗിച്ചും കൈയ്യെഴുത്തില് പ്രചരിച്ചിരുന്ന മലയാളം ലിപികളും സ്വര ചിഹ്നങ്ങളും ലിപി വിന്യാസവുമെല്ലാം മാറ്റി വെക്കാവുന്ന അച്ചുകളില് വേണ്ടിവന്നപ്പോള് പല ഭേദ ഗതികളും കൂടിയേ തീരൂ എന്നായി. മലയാളത്തിലെന്നല്ല മറ്റു ഭാഷകളിലേയും സ്ഥിതി അതായിരുന്നു. ഈ രംഗത്ത് തൊട്ടും തൊടുവിച്ചും പോകാനെ ബെയ് ലിക്കും ഗുണ്ടര്ട്ടിനും കഴിഞ്ഞുള്ളൂ. പിന്നെ വന്ന പത്ര മാസികകളിലും പുസ്തകങ്ങളിലും മാറ്റം കണ്ടു തുടങ്ങിയെങ്കിലും ‘മലയാള മനോരമ ‘ സ്ഥാപകന് കണ്ടത്തില് വര്ഗ്ഗീസ് മാപ്പിളയാണ്. കൂറെ കൂടി ശാസ്ത്രീയമായി അച്ചടിക്കുതകും വിധം മലയാള അക്ഷരമാലയിലും സ്വരചിഹ്നങ്ങളിലും മാറ്റം വരുത്തിയതും തുടര്ന്ന് എ.ആര് രാജരാജവര്മ്മ തുടങ്ങീ ചിലരുടെ ശ്രമഫലമായി അവക്ക് നിയത രൂപം കൈവരുന്നതും. 1967 മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മുന്കൈയില് എന്.വി കൃഷ്ണ വാര്യര്, എ.സി. എബ്രഹാം, ശൂരനാട് കുഞ്ഞന്പിള്ള തുടങ്ങിയവരും ടൈപ്പ് റൈറ്റര് അച്ചടിക്ക് പാകമായ രീതിയില് ലിപി പരിഷ്കാരം നടപ്പാക്കി. ഇപ്പോള് വീണ്ടും കമ്പ്യൂട്ടറിനു വേണ്ടി ലിപി പരിഷ്കാരം നടന്നു കൊണ്ടിരിക്കുകയാണ്. ഇന്നത്തെ യന്ത്ര വിദ്യയുമായി ബന്ധപ്പെട്ട് അക്ഷര - വര്ണ്ണ - ലിപി പരിഷ്കാരങ്ങളുടെ നാരായ വേരുകള് 19 ാം നൂറ്റാണ്ടു വരെ നീണ്ടു പോകുന്നു. രാമകൃഷ്ണ പിള്ളയുടെ കാലത്തും ഈ പരിഷ്കാരങ്ങള് പൂര്ത്തിയായിരുന്നില്ല. പരിഷ്കാരങ്ങള്ക്ക് ഐക്യരൂപവും ഇല്ലായിരുന്നു അതുകൊണ്ടാണ് കേരളത്തില് തന്നെ ഒന്നിലേറെ മലയാളങ്ങള് ഉണ്ടായത്. കേരളീയരുടെ പരസ്പര സംവേദനത്തിനും സാസ്കാരിക ഐക്യത്തിനും വിഘാതമായി തുടര്ന്ന ഈ പ്രശ്നങ്ങള് പലതിലേക്കും രാമകൃഷ്ണ പിള്ളയുടെ സൂക്ഷ്മ ദൃഷ്ടി പതിഞ്ഞിട്ടുണ്ട്. 1914 ല് പാലക്കാട് നേറ്റീവ് ഹൈസ്കൂള് സാഹിത്യ സമാജത്തില് ‘മലയാള ഭാഷാ പരിഷ്കരണം ‘ എന്ന വിഷയത്തെ മുന് നിര്ത്തി അദ്ദേഹം ചെയ്ത ശ്രദ്ധേയമായ ഒരു പ്രസംഗം ഇതിന് ഉദാഹരണമാണ്. ഗദ്യഗതി നവോദാനത്തിന്റേയും ജനകീയതയുടേയും സാക്ഷരതാ പ്രചാരത്തിന്റെയും ഫലമായി ഗദ്യ സാഹിത്യവും പത്ര മാസികകളും വമ്പിച്ച പ്രചാരം നേടിയതോടു കൂടി ഗദ്യത്തിന് ലക്ഷണ ഗ്രന്ഥങ്ങളും രചനാ വ്യവസ്ഥകളും ആവശ്യമായി. ‘ സാഹിത്യ സാഹ്യം’ വഴി ഈ ആവശ്യം നിര്വ്വഹിക്കാന് മുന്നോട്ടു വന്നത് കേരള പാണിനി എന്ന വിശേഷിക്കപ്പെടുന്ന രാജരാജവര്മ്മയാണ്. ഈ ശ്രമങ്ങള്ക്കിടയില് ഭാഷോത്പത്തിയെ കുറിച്ചും വിവാദമുണ്ടായി. മലയാളം സംസ്കൃത ഹിമഗിരിഗളിതമാണെന്നു ചിലരും അല്ല തമിഴിന്റെ രൂപഭേദമെന്ന് മറ്റ് ചിലരും. ആദി ദ്രാവിഡ കുലത്തില് നിന്നുദ്ഭവിച്ച തമിഴും തെലുങ്കും കന്നഡവും മറ്റും മലയാളത്തിന്റെ അമ്മയല്ലെന്നും സഹോദരിമാര് മാത്രമാണെന്നും വാദിക്കപ്പെട്ടു. ഇങ്ങനെ പല പ്രശ്നങ്ങളും. ഈ വക പ്രശ്നങ്ങളെ കുറിച്ച് എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന ആധുനികരാരും സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ പങ്കപ്പാട് പരാമര്ശ വിഷയമാക്കുന്നില്ലെന്നത് വിസ്മയകരമായ അജ്ഞതയോ അവഗണനയോ കൊണ്ടാകണം. അല്ലെങ്കില് മറ്റ് പല വിഷയങ്ങളിലും രാമകൃഷ്ണപിള്ളക്ക് ഉണ്ടായിരുന്ന താല്പര്യത്തിന്റെയും അവഗാഹത്തിന്റെയും പ്രസരം ഭാഷാ ശാസ്ത്ര പ്രാവീണ്യത്തെ തമസ്കരിച്ചതാവാം. എന്തു തന്നെ ആയാലും കാലഹരണ ദോഷം കൂടാതെ അവശേഷിക്കുന്ന രാമകൃഷ്ണപിള്ളയുടെ ഭാഷാ ശാസ്ത്ര സംഭാവനകള് ഈ ശതാബ്ദിയാഘോഷ വേളയില് ചികഞ്ഞെടുത്ത് പഠിക്കേണ്ടതാണ്. അതിനു സഹായകരമാം വിധം ചില പ്രശ്നങ്ങളേയും നിര് ദ്ദേശങ്ങളെയും ചുരുക്കമായി എടുത്തു കാട്ടുവാന് മാത്രമാണിവിടെ ശ്രമിക്കുന്നത്. മലയാള ഭാഷയിലെ ഗദ്യ സാഹിത്യ പുരോഗതിയുടേയും വൈവിധ്യത്തിന്റേയും ചരിത്രം 1915 ല് തലശ്ശേരിയിലെ ബ്രണ്ണന് കോളേജില് ചെയ്ത ഒരു പ്രസംഗത്തില് അദ്ദേഹം ഇപ്രകാരം വിവരിക്കുന്നു. മുഖം മനസ്സിന്റെ സൂചി എന്നാണല്ലോ ആപ്തവാക്യം. അതായത് മനസ്സിന്റെ സ്ഥിതിഭേദങ്ങള് മുഖത്തില് പ്രകടിക്കുന്നുവെന്ന് സിദ്ധം. മുഖഭാവം മനോഭാവത്തിന്റെ പ്രതിബിംബമാണെങ്കില് , അതേ വിധം പ്രതിബിംബം തന്നെയാകുന്നു ഭാഷയും. ഒന്നു നയന വിഷയമെന്നും, മറ്റേത് ശ്രവണ വിഷയമെന്നും മാത്രമേ ഇവക്കു തമ്മില് ഭേദമുള്ളൂ. മനോഗതങ്ങളുടെ ദര്പ്പണമായ ഭാഷയിലും പ്രസന്നം, കോമളം, ഉജ്ജ്വലം മുതലായ ഭാവങ്ങള്, അതിനാല് സംഗതങ്ങള് തന്നെ. ഈ നാനാഭാവങ്ങളെ ഭാഷയുടെ സരണിയെന്നോ രീതിയെന്നോ പറഞ്ഞു വരുന്നു. ഓരോ ഗ്രന്ഥകാരന്റെയും പ്രകൃതിയും ഓരോ വിഷയത്തിന്റെയും സ്വഭാവവും സന്ദര്ഭവും അനുസരിച്ച് രീതിക്ക് ഭേദം വരാവുന്നതാകയാല് ഗദ്യത്തിന്റെ വിവിധങ്ങളായ രീതികളെ നാം കാണുന്നു. ആധുനിക മലയാള ഗദ്യ സാഹിത്യത്തിന്റെ പിതാവായി ഗണിച്ചു വന്നിരിക്കുന്ന കേരള വര്മ്മ വലിയ കോയി തമ്പുരാന് അവര്കളുടെ ഗദ്യരീതിയല്ല, അദ്ദേഹത്തെ സാഹിത്യത്തില് ഉത്സാഹിപ്പിച്ചിരുന്ന ആയില്യം തിരുന്നാള് മഹാരാജാവ് തിരുമനസ്സിന്റേത്. അതുപോലെ തന്നെ, മലയാള പത്ര ഗ്രന്ഥ സാഹിത്യത്തില് പ്രഖ്യാതനായ സി.പി. അച്യുതമേനോന് അവര്ക്കും വലിയ കോയി തമ്പുരാനും തമ്മില് എത്രയോ അകല്ച്ച കാണുന്നുണ്ട്. അച്യുതമേനോന് അവര്കളുടേയും, അദ്ദേഹത്തിന്റെ സഹായികളായിരുന്ന വേങ്ങയില് കുഞ്ഞിരാമന് നായനാര്, സി. അന്തപ്പായി എന്നിവരുടേയും ഗദ്യങ്ങള് ഒരേ രീതിയിലുള്ളവയല്ലല്ലൊ. ഇവയില് നിന്നകന്ന് എത്രയോ ഒറ്റപ്പെട്ട് നില്ക്കുന്നു. ഒ.ചന്തുമേനോന്. പിന്നെ കൊച്ചി 10ാംകൂര് രാമവര്മ്മ അപ്പന് തമ്പുരാന് തിരുമനസ്സിലെ രീതിയോ? അതിന്മണം ഭിന്നഭിന്നങ്ങളല്ലോ എ.ആര് രാജരാജ വര്മ്മ, കാരാട്ട് അച്യുതമേനോന്, സി.എസ്സ് സുബ്രമഹ്ണ്യന് പോറ്റി മുതലായവരുടെയും ഗദ്യരീതികള്? ഇവരുടെ കൃതികള് തന്നെയും ഭിന്നരീതികളോടു കൂടിയവയാവുന്നു. ഗദ്യകാരന്മാര് തമ്മില് രീതി വിഷയത്തില് എത്രമേല് അന്തരമുണ്ടോ, അത്രമേല് അവരില് ഓരോ ആളുകളുടേയും കൃതികള്ക്ക് തമ്മിലും. ഒരേ കൃതിയില് തന്നെ വിവിധ ഭാഗങ്ങള് തമ്മിലും അന്തരം കാണാം. വലിയ കോയി തമ്പുരാന് തിരുമനസ്സിലെ അക്ബര് വായിച്ചാല് അദ്ദേഹമാണ് തിരുവിതാംകൂര് സര്ക്കാര് വകയായി പ്രസിദ്ദീകരിച്ചിരുന്ന വിജ്ഞാന മഞ്ജരി, സന്മാര്ഗ്ഗപ്ര ദീപം മുതലായ കൃതികളുടെ കര്ത്താവ് എന്നു സമ്മതിപ്പാന് നമ്മള്ക്ക് വിശ്വാസം തോന്നുകയില്ല. അദ്ദേഹത്തിന്റെ മലയാള പ്രസംഗങ്ങളിലേയും ഉപന്യാസങ്ങളിലേയും ഗദ്യരീതി, ഗ്രന്ഥങ്ങളിലെ രീതിയില് നിന്ന് വ്യത്യാസപ്പെട്ടതായിരിക്കുന്നു. സി.പി. അച്യൂതമേനോന് അവര്കള് വിദ്യാവിനോദിനി മാസിക പുസ്തകത്തില് എഴുതിയിരുന്ന ഉപന്യാസങ്ങളിലും പ്രാചീനാര്യവര്ത്തനത്തിന്റെ അന്ത്യഭാഗമായി എഴുതിയിട്ടുള്ള അധ്യായങ്ങളിലും രീതി ഭേദങ്ങള് ഉണ്ടല്ലോ. ചന്തുമേനോന് ‘ഇന്ദുലേഖ ’ യില് ബംബാതുറമുഖം (മുംബൈ) വര്ണ്ണിച്ചിട്ടുള്ളത് നോക്കുക. അതേ കൃതിയില് തന്നെ വ്യക്തിയെ മറക്കാതെ തന്നെ നിരീശ്വര മതത്തെ സംബന്ധിച്ച് ചെയ്തിട്ടുള്ള ഉപന്യാസത്തിലെ രീതി നോക്കുക. അദ്ദേഹം തന്നെ ‘മയൂര സന്ദേശ കാവ്യത്തെ വിമര്ശിച്ച് ‘ ‘വിദ്യാവിനോദിനി’ യില് എഴുതിയിട്ടുള്ള ഉപന്യാസം ഇതുകളില് നിന്ന് എത്ര ഭിന്നമായ രീതിയിലായിരിക്കുന്നു. അപ്പന് തമ്പുരാന് തിരുമനസ്സിലെ ചരിത്ര സംബന്ധമായ ഉപന്യാസങ്ങളും മറ്റ് ഉപന്യാസങ്ങളും തമ്മില് തുലനം ചെയ്യുക. ഈ വൈവിധ്യങ്ങള് വിവരിച്ച ശേഷം പഴയ ചെപ്പോടുകളും ശിലാശാസനങ്ങളും ഉടല് അച്ചടി വിദ്യകളുടേയും ഗദ്യ സാഹിത്യ പ്രചരിമയുടേയും ഇന്നത്തെ കാലം വരെയുള്ള ചരിത്രം രാമകൃഷ്ണപിള്ള വിവരിക്കുന്നു. ഇക്കാലയളവിലെ രാജകീയ വിളംബരങ്ങളെയും രാജ്യങ്ങള് തമ്മിലുള്ള ഉടമ്പടികളേയും വേലുതമ്പിയുടെ കുണ്ടറ വിളംബരം തുടങ്ങിയ പ്രക്ഷോഭാഹ്വാനങ്ങളേയും താരതമ്യപ്പെടുത്തി ഗദ്യ രചനയുടെ തന്ത്രങ്ങളിലേക്ക് രാമകൃഷ്ണപിള്ള പ്രവേശിക്കുന്നു. പലപ്പോഴും വ്യവസ്ഥാപിത സബ്രദായങ്ങളും വ്യാകരണ നിബന്ധനകളുമെല്ലാം പ്രത്യുക്ത ഉള്ളടക്കത്തിന്റെ ഉദ്ദേശവും കേള്വിക്കാരുടേയോ അനുവാചകരുടേയോ സ്വഭാവവും ആണ് ഗദ്യത്തിന് ജീവന് നല്കുന്നത് എന്ന് അദ്ദേഹം വാദിക്കുന്നു. വിളംബരത്തിന്റെ ഉത്തരഭാഗങ്ങളിലാണ് പാചകങ്ങളുടെ ഒഴുപ്പും തൊഴുപ്പും തെളിഞ്ഞ് വിളങ്ങുന്നതെങ്കിലും ആ ഭാഗങ്ങള് ഇവിടെ പ്രസ്താവിപ്പാന് ഔചിത്യമില്ലാത്ത വിഷയങ്ങളെ കുറിച്ച് ആകയാലും, ഭാഷയുടെ രീതി കാണാന് മേല് ഉദ്ദരിച്ച വാചകങ്ങള് മതിയാകയാകും. അവ ശേഷം ഇവിടെ പകര്ത്തുന്നില്ല. ഏകദേശം ഒരേ കാലത്ത് തന്നെ ഉണ്ടായ ഈ വിളംബരത്തിലും ഓലക്കരണത്തിലും ഭാഷക്ക് വളരെ അന്തരം ഉണ്ടെന്ന് സ്പഷ്ടമാണല്ലോ. വിളംബരത്തില് സംസ്കൃത പദങ്ങള് അധികം തള്ളി കയറി നില്ക്കുന്നുണ്ട്. ഓലക്കരണത്തില് ഭാഷ മിക്കവാറും തമിഴ് തന്നെ. സന്ധി ക്രിയാരൂപങ്ങള് മുതലായവ തമിഴിനെ അനുകരിക്കുന്നു. ഈ വിത്യാസത്തിനു കാരണം ദേശ ഭേദം അല്ല. വിളംബരം കുണ്ടറ എന്ന പ്രദേശത്ത് വെച്ച് എഴുതിയതായും ഓലക്കരണം അവിടെ നിന്നും പത്തറുപത് നാഴിക തെക്കു പടിഞ്ഞാറുള്ള ദിക്കില് വെച്ച് എഴുതിയതായും ഇരുന്നാലും ഓലക്കരണത്തില് തമിഴ് അധികമായും. വിളംബരത്തില് സംസ്കൃതം അധികമായും ഇരിപ്പാന് കാരണം അക്കാലത്തെ കരണ ഭാഷ മുമ്പ് തന്നെ തിട്ടപ്പെടുത്തി പോയിരുന്നത് ആകയാല് മാത്രമാകുന്നു എന്ന് സമാധാനപ്പെടാം. വിളംബരത്തിലെ ഭാഷ ആയിരിക്കണം അന്നത്തെ രാജഭാഷ എന്ന് അനുമാനിക്കുവാന് അതിന് മുമ്പ് ഉണ്ടായിട്ടുള്ള ‘ കേരളോത്പത്തി’ മുതലായവയിലെ ഭാഷാ സ്വഭാവം നമ്മള്ക്ക് വഴി കാണിക്കുന്നുണ്ട്. അത് എന്തായാലും വേലുതമ്പി ദളവയുടെ വിളംബരത്തിലെ ഭാഷ എത്ര തന്നെ വ്യാകരണ നിയമങ്ങളെ ലംഘിക്കുന്നതായിരുന്നിട്ടും അതിന്റെ ഊക്കും ഉറപ്പും സ്മരണീയം തന്നെ. വര്ണ്ണം - ലിപി - ചിഹ്നം ഭാഷാ ശാസ്ത്ര വിഷയത്തില് രാമകൃഷ്ണപിള്ള നല്കുന്ന പ്രധാന ചിന്തകളില് വര്ണ്ണം, ലിപി, അക്ഷരം, ശബ്ദം , ചിഹ്നം എന്നിവക്ക് വളരെ പ്രാധാന്യമുണ്ട്. ഈ വിഷയങ്ങളെ പറ്റി അദ്ദേഹം എഴുതിയിട്ടുള്ളതെല്ലാം വിസ്താരഭയം കൊണ്ട് വിവരിക്കുന്നില്ല. ഒന്നു രണ്ട് കാര്യങ്ങള് മാത്രം സൂചിപ്പിക്കാം. ചില മലയാള പദങ്ങളുടെ അവസാനത്തില് വരുന്ന സംവൃത സ്വരത്തെ സംബന്ധിച്ചുള്ള ഭിന്ന നിലപാടുകളാണ് രാമകൃഷ്ണപിള്ളയുടെ പരിശോധനക്ക് വിധേയമാവുന്നത്. ഈ പ്രശ്നം അദ്ദേഹം അവതരിപ്പിക്കുന്നത് ഇപ്രകാരമാണ്. ‘ ആണ്, പെണ്ണ്’ ‘കാറ്റ്’ മുതലായ പദങ്ങളിലെ അന്ത്യ സ്വരത്തെ സംവൃതോകാരം എന്നു ‘ കേരളപാണിനീയ’ കര്ത്താവ് വ്യവഹരിക്കുന്നു. അതിന്മണ്ണം ഈ സംവൃത സ്വരത്തെ കുറിക്കേണ്ടത്. ഉകാരോപരി ചന്ദ്രക്കലയിട്ടാണെന്നും പറഞ്ഞിരിക്കുന്നു. എന്നാല് കേരളപാണിനീയ കര്ത്താവിന്റെ മതാനുയായികളായി തിരുവിതാംകൂറില് പലരും ഉണ്ടെങ്കിലും , ഉത്തരകേരളീയന്മാര്ക്ക് ഈ സമ്പ്രദായത്തില് വിപ്രതിപത്തിയാണ് ഉള്ളതെന്ന് കാണുന്നു. സംവൃത സ്വരത്തില് അവസാനിക്കുന്നതും ഉച്ചരിക്കേണ്ടതുമായ മേല്പറഞ്ഞ വാക്കുകളെ പല പ്രകാരത്തില് എഴുതാറുണ്ട്. അകാരാന്തമായി ‘ ആണ എന്നെഴുതിയാല് മതിയെന്ന് ഉത്തരകേരളീയര് ഏറിയ കൂറും നിഷ്കര്ഷിക്കുന്നു. അകാരോപരി ചന്ദ്രക്കലയിട്ട് ‘ ആണ്’ എന്ന രീതിയിലാണ് കൊച്ചിയിലും മറ്റുമുള്ള പലരും എഴുതുന്നത്. എന്നാല് ബൈബിള് മലയാളക്കാര് ഉകാരം മാത്രമാക്കി ‘ആണു’ എന്നെഴുതുകയും മുറ്റുകാരകമായി ഉച്ചരിക്കുകയും ചെയ്തു വരുന്നു. കേരളപാണിനീയാണി വര്ത്തികള് ഉകാരോപരി ചന്ദ്രക്കലയിട്ട്’ ആണ് ‘ എന്നെഴുതുന്നു. അകരാന്തം മാത്രമായി എഴുതുന്നത് ചിലയിടങ്ങളിലേ സംവൃതസ്വരമായി ഉച്ചരിക്കാറുള്ളൂ. മറ്റ് ചിലരില് മലബാര്കാര് ‘നായ’ (നായയുടെ ), ‘പായ’ പായയുടെ മുതലായവയെ പോലെ അകാരാന്തമായിട്ട് തന്നെ ഉച്ചരിക്കുന്നു. പ്രശ്നത്തിന്റെ നാനാ വശങ്ങള് പരിശോധിച്ച് ലളിത വത്കരണത്തിലൂടെ ഐക്യരൂപമുണ്ടാക്കാന് രാമകൃഷ്ണപിള്ള നല്കിയ നിര് ദ്ദേശങ്ങള് അന്നാരും അത്ര ശ്രദ്ധിച്ചില്ല. 1970 കളില് എന്.വി. കൃഷ്ണവാര്യരുടേയും ഭാഷാ ഇന്സ്റ്റ്യൂറ്റ്യൂട്ടിന്റേയും പരിശ്രമ ഫലമായി ചില ഐക്യ രൂപങ്ങള് നല്കാന് കഴിഞ്ഞിട്ടുണ്ട്. സംവൃത ‘ഉ കാരത്തിനും വിവൃത ‘ഉ’ കാരത്തിനും ലിപിയുടെ മുകളില് മീത്തല് അഥവാ ചന്ദ്രക്കല മാത്രം ഇട്ടാല് മതിയെന്ന് സംവൃത ‘ഉ കാരത്തിന്റെ കുനിപ്പ് ഉപേക്ഷിക്കാവുന്നതാണെന്നുമാണ് കൃഷ്ണ വാര്യരുടെ നിര്ദ്ദേശം. 1967ലെ ലിപി പരിഷ്കാര പ്രകാരം ഉ കാര ചിഹ്നം ലിപിയില് നിന്നും അടര്ത്തി ‘ി,ീ.ാ ‘ എന്നിവ പോലെ ‘ ു, ൂ’ എന്ന വേറിട്ട ഒരു ഘടന മതിയെന്നും വന്നതോടുകൂടി പഴയ സബ്രദായം ദുര്ഘടവുമായി. രാമകൃഷ്ണപിള്ള അടുത്തതായി പരിഗണിക്കുന്നത് ‘പന ‘യിലേയും ‘നന’ യിലേയും രണ്ടാം വര്ണ്ണം എങ്ങനെ നായയിലേയും നന്നായിലേയും ‘ന’യില് നിന്നും വ്യത്യസ്തമായിരിക്കുന്നു. എന്നതാണ് ഇതിന് രണ്ടു തരം വ്യത്യസ്ത തരം ലിപികള് അംഗീകരിക്കുന്നത് നന്നായിരിക്കും എന്ന നിര് ദ്ദേശം ഇപ്പോഴും അംഗീകരിക്കപ്പെട്ടിട്ടില്ല. രാമകൃഷ്ണപിള്ള ഇങ്ങനെയാണ് അതേപറ്റി വിധിക്കുന്നത്. നന , പന ഇത്യാദികളിലെ ദ്വിതീയ വര്ണത്തെക്കുറിപ്പാന് പ്രത്യേക ലിപി ആവശ്യമെന്ന് ഭാഷാ ശാസ്ത്രജ്ഞന്മാര് നിഷ്കര്ഷിക്കുന്നു. അന്യൂനലക്ഷണമായ ഒരു ഭാഷയില്. ഒരു ലിപി ഒരേ ഒരു വര്ണ്ണത്തെയെ കുറിക്കാവൂ എന്നും, ഒരു വര്ണ്ണത്തെ കുറിപ്പാന് ഒരേ ഒരു ലിപിയേ പാടുള്ളൂ എന്നും ശാസ്ത്രം നിഷ്കര്ഷ ചെയ്യുന്നുണ്ട്. ആ നിയമത്തിന് മലയാള ഭാഷയിലെ അക്ഷരപ്പട്ടികയും വ്യത്യസ്തമായിരിക്കുന്നു. ഈ നിഷ്കര്ഷത്തെ അനുസരിക്കുകയാണെങ്കില് നന യിലെ രണ്ടുവിധ വര്ണ്ണങ്ങളെയും ഒരേ ലിപി കൊണ്ടു കുറിക്കുന്നത് അയുക്തുവും ആകുന്നു. ‘തിന്നുന്നു, തിന്നു, തിന്നും എന്നിവയിലെ ദ്വിതീയ വര്ണ്ണങ്ങളെ ഒന്നുപോലെ ഉച്ചരിക്കുന്നതിന് ചിലരെ പ്രേരിപ്പിക്കുന്നതും ഈ ലിപി ഭേദമില്ലായ്മയാണല്ലോ. വാസ്തവത്തില്, ലിപി ഭേദം ചെയ്യുന്നത് മലയാളഭാഷയെ അഭ്യസിച്ചു തുടങ്ങുന്നവര്ക്ക് സന്ദേഹ നിവാരകവും, ശാസ്ത്രീയ രീത്യാ ആവശ്യകവുമാവുന്നു. ഭാഷാവികാസവും പുതിയ പദങ്ങളും സാമൂഹ്യമാറ്റങ്ങളും വിജ്ഞാന വികാസവും മാധ്യമ പ്രചാരവും ഭാഷയുടെ നിലവിലുള്ള പദ സമ്പത്തിനെ അപര്യാപ്തമാക്കുന്നു. പുതിയ വാക്കുകള് ഉണ്ടാവുകയും പഴയ വാക്കുകള്ക്ക് പുതിയ അര്ത്ഥങ്ങള് നിലവില് വരികയും ചെയ്യുന്നത് സ്വാഭാവികവും ആശാസ്യവുമാണെന്ന് രാമകൃഷ്ണപിള്ള കരുതി. യുദ്ധവും മലയാളവും എന്ന ലേഖനത്തില് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ ആദ്യ ഒന്നര വര്ഷത്തോളം മാത്രമേ അദ്ദേഹം ജീവിച്ചിരുന്നൂള്ളൂ. അതാകട്ടെ വേദനയും രോഗവും വര്ദ്ധിച്ച് അവശനിലയിലേക്ക് നീങ്ങികൊണ്ടിരുന്നപ്പോഴും. എന്നിട്ടും അദ്ദേഹത്തിന്റെ നിരീക്ഷണ പാടവത്തിന് മങ്ങലോ ധിഷണക്ക് ക്ഷീണമോ സംഭവിച്ചിരുന്നില്ല എന്നതിന് യുദ്ധത്തിന്റെ ഈ ആദ്യ മാസങ്ങളില് അദ്ദേഹം എഴുതിയ ലേഖനങ്ങള് തന്നെ സാക്ഷി. യൂദ്ധം കൊണ്ട് പല കെടുതികളും നഷ്ടങ്ങളും രാജ്യത്തിനും ജനങ്ങള്ക്കും വന്നുഭവിച്ചിട്ടുണ്ട്. എങ്കിലും ഭാഷയെ സംബന്ധിച്ചിടത്തോളം ഉത്കര്ഷമാണ് ഉണ്ടായത് എന്ന് അദ്ദേഹം ലേഖനത്തില് സൂചിപ്പിക്കുന്നു. പ്രത്യേകിച്ചും പദസമ്പത്തിലും പ്രയോഗ വൈവിധ്യത്തിലുമാണ് യൂദ്ധം ഭാഷയെ സമ്പന്നമാക്കിയത്. ഉദാഹരണത്തിന് എയര്ഷിപ്പ്, എയറോ ഡ്രോം, സബ്മറൈന്, വയര്ലസ്, അള്ട്ടിമേറ്റം, തുടങ്ങിയ പല പദങ്ങളും ചിലപ്പോള് അതേ രൂപങ്ങളിലും മറ്റ് ചിലപ്പോള് വിവര്ത്തനത്തിലൂടേയും മലയാള ഭാഷയെ സമ്പന്നമാക്കുന്നു. ഒരു തരത്തിലും വിവര്ത്തനത്തിന് വിധേയമാകാത്ത പദങ്ങള് ഇംഗ്ലീഷില് തന്നെ ഉപയോഗിക്കുന്നതില് തെറ്റില്ലെങ്കിലും കഴിയുന്നത്ര മലയാള സമാന പദങ്ങള്ക്ക് വേണ്ടി ശ്രമിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. പല ഇംഗ്ലീഷ് പദങ്ങളും മാധ്യമങ്ങളും പുസ്തകങ്ങളും വിവിധ രീതികളില് വിവര്ത്തനം ചെയ്യുന്നതിന് പകരം പദങ്ങള് മാനകീകരിക്കണം എന്നായിരുന്നു രാമകൃഷ്ണപിള്ളയുടെ പക്ഷം. കുറേയേറെ ഇംഗ്ലീഷ് പദങ്ങള് പട്ടികയായി നിരത്തി, അവക്ക് ഇന്നു നിലവിലുള്ള വിവിധ വിവര്ത്തനങ്ങള് എടുത്തുകാട്ടി. അവയുടെ തെറ്റും ശരിയും വിലയിരുത്തി തന്റെ നിര്ദ്ദേശം അവതരിപ്പിക്കുകയും ചെയ്യുകയാണ് അദ്ദേഹം. ഉത്കൃഷ്ട ഭാഷയും അപകൃഷ്ട ഭാഷയും ഏതു ഭാഷയും രണ്ടു വിധമുണ്ടെന്നും അവയില് മേലാളന്മാര് സംസാരിക്കുന്നത് ഉത്കൃഷ്ടവും കീഴാളന്മാര് സംസാരിക്കുന്നത് അപകൃഷ്ടവുമാണെന്നും പരമ്പരാഗതമായി കരുതി വരുന്നു. സമൂഹം മേലാളന്മാരുടേയും കീഴാളന്മാരുടേയുമെന്നും സവര്ണ്ണരുടേയും അവര്ണ്ണരുടേയുമെന്നും വിഭജിക്കപ്പെട്ടതിന്റെ ഫലമാണ് ഈ സാംസ്കാരിക ഉച്ചനീചത്വ വിഭജനം. വിപ്ലവകാരികളും പരിവര്ത്തന വാദികളും അധഃസ്ഥിതോന്നമനത്തില് തത്പരരായവരും ഈ വിഭജനത്തെ അംഗീകരിച്ചിരുന്നില്ല. മാത്രമല്ല ഉത്കൃഷ്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട ഭാഷയുടെ ഉത്കൃഷ്ടത അവര് നിരാകരിക്കുകയും അപകൃഷ്ടഭാഷയെ ഉത്കൃഷ്ടമായി പരിഗണിക്കുകയും ചെയ്തു. കാളിദാസന് തുടങ്ങിയ വരേണ്യ സംസ്കൃത സാഹിത്യകാരന്മാര് അവരുടെ നാടകങ്ങളില് പുരുഷന്മാര് സംസ്കൃതം സംസാരിക്കുമ്പോള് സ്ത്രീകളെ കൊണ്ടും സേവകരെ കൊണ്ടും അസംസ്കൃതമെന്ന് പറയപ്പെടുന്ന പാലിഭാഷയിലാണ് സംസാരിപ്പിച്ചിരുന്നത്. ഗൗതമ ബുദ്ധനേയും വര്ദ്ധമാന മഹാവീരനേയും പോലുള്ള സാമൂഹ്യ പരിഷ്കര്ത്താക്കളും പാലി അല്ലെങ്കില് പ്രാകൃതമാണ് ഉപയോഗിച്ചതും പ്രചരിപ്പിച്ചതും. ഒരു രാജ്യം മറ്റൊരു രാജ്യത്തെ കീഴടക്കുമ്പോള് കീഴടക്കപ്പെട്ട രാജ്യത്തിന്റെ ഭാഷ അപകൃഷ്ടമെന്ന് വിധിച്ച് ആക്രമണകാരികള് അവരുടെ ഭാഷയെ ഭരണീയരുടെ മേല് അടിച്ചേല്പ്പിക്കുന്നത് ഇന്ത്യക്കും അനുഭവമാണല്ലോ. വ്യാകരണത്തിലും ഈ വേര്തിരിവ് സാധൂകരിച്ചിട്ടുണ്ട്. എ.ആര്. രാജരാജവര്മ്മ ലെജിസ് ലേറ്റീവ് അഥവാ ഭാഷാ പ്രയോഗത്തിലെ വിധി നിഷേധങ്ങള് നിര്ണയിക്കുന്ന വ്യാകരണത്തെ കേരള പാണിനീയത്തിന്റെ രണ്ടാംപതിപ്പില് തിരസ്കരിക്കുകയുണ്ടായി. വ്യാകരണമെന്നാല് വിധിനിഷേധങ്ങള് കൊണ്ട് ഭാഷയെ വരിഞ്ഞു കെട്ടി അതിന്റെ വികസനത്തെ തടയുന്ന ഒന്നാവരുതെന്നും നിലവിലുള്ള ജനകീയഭാഷ ഏതു വിധത്തിലാണ് ആശയ സംവേദനം നിര്വ്വഹിക്കുന്നതെന്നും കണ്ടെത്തി ആ നിയമങ്ങളെ ക്രോഡീകരിക്കുകയാണ് വ്യാകരണത്തിന്റെ കര്ത്തവ്യമെന്നും സ്ഥാപിക്കുന്നു. പാണിനിയും പതഞ്ജലിയും വിധിനിഷേധങ്ങളുടെ വൈയ്യാകരണന്മാര് ആയിരുന്നു എന്നും അതില് പ്രകടിപ്പിക്കപ്പെടുന്ന മനോഭാവം സ്വേച്ഛാധിപത്യത്തിന്റേയാണെന്നും പ്രജാധിപത്യത്തിന്റെ കാലത്ത് അത് അംഗീകാരമല്ലെന്നും കൂടി ഈ വാദങ്ങള്ക്ക് ഒരു രാഷ്ട്രീയമാനം നല്കി കൊണ്ട് രാജരാജവര്മ്മ സമര്ത്ഥിക്കുന്നു. പാണിനിയുടെ സമ്പ്രദായത്തെ ഡിഡക്ടീവ് അഥവാ അഭ്യൂഹികം എന്നും ഇപ്പോള് മുന്നോട്ട് വെക്കുന്ന സമ്പ്രദായത്തെ ഇന്ഡക്ടീവ് അഥവാ ആഗമികം എന്നും അദ്ദേഹം വ്യവച്ഛേദിക്കുന്നു. ലീലാതിലകകാരനും ഭാഷയുടെ ഉത്കൃഷ്ട - അപകൃഷ്ടതയെ ന്യായീകരിക്കുന്ന ഒരു പൂര്വ്വസൂരിയാണ്. ത്രൈവര്ണ്ണികര് അഥവാ പൂണൂലിടുന്ന മേല്ജാതിക്കാരുടെ ഭാഷ ഉപകൃഷ്ടമെന്നും മറ്റുള്ളവരുടേതിനെ അപകൃഷ്ടമെന്നും അദ്ദേഹം വിധിച്ചതിനെ ആധുനിക കാലത്ത് വടക്കുംകൂര് രാജരാജ വര്മ്മയെ പോലുള്ള യഥാസ്തികര് ന്യായീകരിക്കുകയുണ്ടായി. ദളിത ഭാഷയും പാതിരിഭാഷയും മാപ്പിള ഭാഷയും മറ്റും അപകൃഷ്ടമായി അടുത്ത കാലം വരെ കരുതിയിരുന്നത് ഈ വരേണ്യ ചിന്താഗതിയുടെ പ്രതിഫലനമാണ്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പൊതുവെയുള്ള നിലപാടുകള് പരിശോധിച്ചാല് അദ്ദേഹം ഈ അപകൃഷ്ടഭാഷാ പക്ഷപാതി ആകേണ്ടതായിരുന്നു. എന്നാല് സരസ കവി കെ.സി. കേശവപിള്ളയുമായുള്ള ഒരു വിവാദത്തില് സ്വദേശാഭിമാനി പ്രകടിപ്പിക്കുന്നത് നേരെ മറിച്ചുള്ള ഒരു വീക്ഷണമാണെന്ന് പറയാതിരിക്കാന് വയ്യ. രാമകൃഷ്ണപിള്ളയേയും പി.കെ നാരായണപിള്ളയേയും പോലെ കേശവപിള്ളയും രാജരാജവര്മ്മയുടെ ഒരു അനുയായിരുന്നു. ദ്വിതീയാക്ഷര പ്രാസവാദ വിവദത്തില് ഉള്പ്പെടെ പല കാര്യങ്ങളിലും കേശവപിള്ള രാജരാജന്റെ പക്ഷത്തായിരുന്നു. എന്നാല് ഈ മൂവരും തമ്മില് അഭിപ്രായ ഐക്യത്തേക്കാള് അഭിപ്രായ ഭിന്നതയാണ് ഉണ്ടായിരുന്നത്. ചിലപ്പോള് അത് ശത്രുതയോളം എത്താറുണ്ടായിരുന്നു. കേശവപ്പിള്ളയുടെ സദാരാമ എന്ന സംഗീത നാടകത്തെ കുറിച്ച് രാമകൃഷ്ണപിള്ള അതിരൂക്ഷമായ ഒരു വിമര്ശനമെഴുതിയത് വ്യക്തിപരമായ വിരോധം കൊണ്ടല്ല എന്ന് പണ്ഡിതോചിതമായ ആ വിദഗ്ദ വിമര്ശനം വായിക്കുന്നവര്ക്ക് ബോധ്യമാകും. എങ്കിലും അതില് വ്യക്തിപരമായ നീരസത്തിന്റെ നിഴലാട്ടം ദോഷൈകദ്യക്കുകള് കണ്ടിട്ടുണ്ട്. രാമകൃഷ്ണപിള്ളയുടെ വരേണ്യപദപക്ഷപാതം കെ.സി. കേശവപിള്ള ചിലപ്രയോഗഭേദങ്ങള് എന്ന പേരില് ഭാഷാഭോഷിണിയില് എഴുതിയ ലേഖനത്തോടുള്ള പ്രതികരണത്തിലാണ് രാമകൃഷ്ണപിള്ള പ്രകടിപ്പിക്കുന്നത്. തന്റെ ‘കേരള’ നില് എഴുതിയ പ്രതികരണത്തില് അദ്ദേഹം ഇപ്രകാരം പറയുന്നു. ഭാഷാഭോഷണത്തിന് യത്നിക്കുന്ന ഒരു മാസികാ പുസ്തകത്തില്, ഗ്രാമ്യ പ്രയോഗങ്ങളെ കഴിയുന്നിടത്തോളം വര്ജ്ജിക്കേണ്ടതാണ് എന്ന് ഭാഷാഭിമാനികള് സമ്മതിക്കുന്നതാണല്ലോ. സാമാന്യേന ആളുകള് സംഭാഷണത്തില് മാത്രം ഉപയോഗിച്ചു വരുന്നതും പ്രമാണികര് ഗ്രന്ഥത്തില് പ്രയോഗിക്കാത്തതും ആയ പല പദങ്ങളും, മലയാളത്തില് എന്നു മാത്രമല്ല, എല്ലാ പരിഷ്കൃത ഭാഷകളിലുമുണ്ട്. അങ്ങനെയുള്ള പദങ്ങളെ ഗൗരവപ്പെട്ട വിഷയങ്ങളെ പ്രതിപാദിക്കുന്ന ലേഖനങ്ങളിലോ ഗ്രന്ഥങ്ങളിലോ മറ്റു പദങ്ങളോടൊപ്പം സുശബ്ദങ്ങളായി പ്രതിപാദിക്കുന്നത് ഭാഷയുടെ പോഷണത്തിന് ദോഷകരമായിരിക്കുന്നതാകുന്നു. ഇംഗ്ലീഷില് സ്ലാംഗ് എന്നും പ്രൊവിന്ഷ്യലിസം എന്നും പേര് പറയപ്പെടുന്ന പദങ്ങളെ ഗ്രന്ഥഭാഷയില് സ്വീകരിച്ചു കൂടെന്നും പ്രമാണികന്മാര് വിധിച്ചിട്ടുള്ളതുപോലെ മലയാളത്തിനും കേരള വര്മ്മ വലിയ കോയിതമ്പുരാന് തിരുമനസ്സ് കൊണ്ട് മുതലായ ഗദ്യകര്ത്താക്കന്മാര് അവരവരുടെ പ്രയോഗത്തില് വിധിച്ചിട്ടുണ്ട്. ഈ ഏതാനും വരികളില് ആധുനിക ഭാഷാ പരിഷ്കരണ ചിന്തകള്ക്ക് വിപരീതമായി ഒന്നിലേറെ കാര്യങ്ങള് അടങ്ങിയിട്ടുണ്ട് ഗ്രാമ്യം എന്നും പ്രൊവിന്ഷ്യല് എന്നും അപകൃഷ്ടതയെ വിശേഷിപ്പിക്കുന്നതു തന്നെ വരേണ്യപക്ഷപാതത്തിന്റെ വികൃത പ്രകടനമാണ്. ഇംഗ്ലീഷിലായാലും ശരി മലയാളത്തിലായാലും ശരി. എങ്കിലും രാജരാജവര്മ്മയും മറ്റും അങ്ങനെ പ്രയോഗിച്ചിട്ടുള്ളതുകൊണ്ട് നമുക്കത് വിട്ടുകളയാം. ഗ്രാമീണര് സംസാരിക്കുന്നത് അപകൃഷ്ടവും നാഗരികര് സംസാരിക്കുന്നത് ഉത്കൃഷ്ടവും എന്ന ഈ വേര്തിരിവ് രാമകൃഷ്ണപിള്ളയെ പോലുള്ള ജനാധിപത്യവാദികളായ ഉത്പതിഷ്ണുക്കള് സ്വീകരിച്ചുകൂടാത്തതാണ്. ഇനി കേശവപിള്ളയില് അദ്ദേഹം ആരോപിക്കുന്ന കുറ്റത്തിന് ആധാരമായ വാക്ക് തന്നെ എടുക്കുക. രാമകൃഷ്ണപിള്ള പറയുന്നു. കേശവപിള്ള അവര്കളുടെ ലേഖനത്തില് ആദ്യമായി കാണുന്ന വാക്ക് തന്നെ ഈ ഗ്രാമ്യ പ്രയോഗ ദോഷം കൊണ്ട് കളങ്കപ്പെട്ടിരിക്കുന്നു. ഭാഷാ പരിഷ്കാരം കൊണ്ട് പിടിച്ച് നടന്നു വരുന്നു എന്നുള്ള വാചകത്തില് അദ്ദേഹം കൊണ്ട് പിടിച്ച് എന്ന് ഉചിതമായിട്ടില്ലെന്നാണ് എിക്ക് പറവാനുള്ളത്. ഊര്ജ്ജ സ്വലമായി എന്ന അര്ത്ഥത്തിലാണ് കൊണ്ടു പിടിച്ചതെങ്കില് ആ സുശബ്ദത്തെ സ്വീകരിക്കുന്നതിനു പകരം ഈ ഗ്രാമ്.യ പദത്തെ പ്രയോഗിക്കുന്നതിന് തുനിഞ്ഞത് എന്തിനാണ്. കൊണ്ടു പിടിച്ചു എന്നതിന്റെ ഊര്ജ്ജസ്വലത ഊര്ജ്ജിതമായി എന്ന രാമകൃഷ്ണപിള്ളയുടെ പകരം പദത്തിന് ഇല്ലെന്നത് കേള്ക്കുന്നവര്ക്കും വായിക്കുന്നവര്ക്കും എത്രയോ സ്പഷ്ടമാണ്. തീര്ച്ചയായും ഇത് ആധുനികര്ക്ക് സ്വീകരിക്കാവുന്ന നിര്ദ്ദേശമല്ല. സി.വി രാമന്പിള്ളയുടെ ധര്മ്മരാജ എന്ന ആഖ്യായികയെകുറിച്ച് രാമകൃഷ്ണപിള്ള എഴുതിയ സുപ്രസിദ്ധമായ ഖണ്ഡന വിമര്ശനത്തില് സി.വി.യുടെ ദുര്ഗ്രഹമായ മണിപ്രവാള ശൈലിയെ കഠിനമായി അധിക്ഷേപിച്ചിട്ടുണ്ട്. അതിപ്രകാരമാണ്. ധര്മ്മരാജ വിലുപയോഗിച്ചിരിക്കുന്ന ഗ്രന്ഥകാരഭാഷ മലയാളമെന്ന് പറവാന് ഒരുങ്ങുന്നവരുണ്ടെങ്കില് അവര് കുശവസൃഷ്ടിയുടെ സഹായകന്മാരായിരിക്കും. സംസ്കൃതമാണെന്ന് പറവാന്, ഇടയ്ക്കിടെ ചില മലയാള പദങ്ങളും മലയാള പ്രത്യയങ്ങളും ഉള്ളതുകൊണ്ടും ന്യായമില്ല. മണിപ്രവാളമോ അല്ല കുഞ്ചന്റെ സരളമലയാളമോ അല്ലതന്നെ. ഉണ്ണായി വാര്യരുടെ ‘വെങ്കല ഭാഷ’ യും അല്ല ‘ കണ്ണശ്ശ പണിക്കരുടെ ‘ മുത്തമിഴും അല്ല ആട്ടകഥ തമ്പുരാക്കന്മാരുടെ ഭാഷയാണോ അതുമല്ല. എന്നാല് രാമന്പിളള അവര്കള് ഇവയിലെല്ലാറ്റിലും പരിചിതരാണെന്ന് കാണിക്കുന്നുണ്ട്. ആട്ടകഥകളും തുള്ളലും കിളിപ്പാട്ടും മറ്റും വായിച്ച് അവയിലുള്ള ചില പദാര്ത്ഥങ്ങളെ എടുത്ത് ചുരുക്കി വായ്ക്കുള്ളിലാക്കി ചുവച്ചു തുപ്പിയിരിക്കുന്ന ‘ കാഷ്ഠം ആണ് ഇതിലെ ഭാഷ ‘ ഈ’ കാഷ്ഠം സാഹിത്യ ഭാഷ ആകുമെന്ന് തലകുലുക്കി സമ്മതിക്കാന് ഒരുക്കമുള്ളവരെ ഈ സാഹിത്യതാബുല കാഷ്ടം എടുത്ത് ചവച്ച് സാഹിത്യ രസം സേവിപ്പാന് കുതുതികളായിരിക്കു എന്നല്ലാതെ മറ്റൊന്നും പറവാനില്ല. ഇപ്രകാരം ഭാഷയുടെ ലാളിത്യത്തിനും സുതാര്യതക്കും വേണ്ടി വാദിക്കുന്ന രാമകൃഷ്ണപിള്ളയുടെ ഭാഷ മലയാളത്തിലെ ഏറ്റവും സുന്ദരവും ലളിതവുമാണ്. ഗദ്യ രചനയെ പറ്റി അദ്ദേഹം ഒരിടത്ത് പറഞ്ഞിരിക്കുന്നത് പദ്യ രചനെയേക്കാള് ദുഷ്കരമാണ് നല്ല ഗദ്യ രചനയെന്ന് പദ്യത്തിനു മാത്രമല്ല ഗദ്യത്തിനും സംഗീതവും താളലയവും ആവശ്യമാണെന്ന് മറ്റുമാണ്. തീര്ച്ചയായും ദുര്ഘടം പിടിച്ച വ്യാകരണ പ്രശ്നങ്ങളെ കുറിച്ച് എഴുതുമ്പോഴും രാമകൃഷ്ണപിള്ളയുടെ ഭാഷ അദ്ദേഹം നിര്ദ്ദേശിക്കുന്നത് പോലെ നിര്ദോഷവും ലളിതവും സംഗീതാത്മകവുമാണ്. എന്നാല് കേശവപിള്ളയുമായുള്ള ഈ വിവാദത്തില് അദ്ദേഹം പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള് നേരെ വിപരീതമാണെന്ന് കാണുന്നു. ഭാഷാപോഷണത്തില് പരിഷ്കരണത്തില് ഭാഷാ ശാസ്ത്രത്തെപറ്റിയും വളരെയേറെ വിജ്ഞാന പ്രദമായ സംഭാവനകള് രാമകൃഷ്ണപിള്ള നല്കിയിട്ടുള്ളത്. കൂടുതല് വിശദമായ പഠനത്തിന് വിധേയമാക്കേണ്ടതാണ് എന്നു മാത്രം പറഞ്ഞു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുകയാണ്.

"http://www.malayalam.kerala.gov.in/index.php/Language-technology" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍